Thursday, January 18, 2018

BHEEM RAO AMBEDKAR

അംബേദ്‌കർ എന്നൊരു ഉപപാഠപുസ്തകം  പണ്ട് പഠിക്കാനുണ്ടായിരുന്നു . അത് ഇടതു സർക്കാർ പിൻവലിച്ചു എന്നും മറ്റേതോ പുസ്തകം ഉപപാഠപുസ്തകമാക്കി  എന്നും ഒരു ആരോപണം  ഇന്ന് ആരോ എഴുതിക്കണ്ടു.

പുസ്തകം പിൻവലിച്ചെങ്കിൽ  അത് നല്ലൊരു കാര്യമായി കാണുന്നു. കാരണം അത്രക്ക് വിലക്ഷണമായ  ഒരു പാഠപുസ്തകം അതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ല.

അത് കാരണം അംബേദ്കറെത്തന്നെ വെറുത്തു പോയി. വായിക്കുമ്പോൾ  അംബേദ്‌കർ ഒരു കോമാളിയാണെന്നാണ്  ഒമ്പതാം ക്ളാസുകാർക്ക്  തോന്നിയിരുന്നത് .

പുസ്തകത്തിൽ മുഴുവൻ  അംബേദ്‌കർ ഞെട്ടിയ കഥകളാണ് . ' അംബേദ്‌കർ ഞെട്ടിപ്പോയി , അംബേദ്‌കർ സ്തംഭിച്ചു പോയി , അംബേദ്‌കർ ഇടിവെട്ടേറ്റ  പോലെ തരിച്ചു പോയി, അംബേദ്‌കർ  പാമ്പ് കടിയേറ്റ പോൽ നിന്ന് പോയി, അംബേദ്‌കർ സ്തബ്ധനായി പോയി ' എന്നിങ്ങനെ ഒരു നൂറു തവണയെങ്കിലും  അംബേദ്‌കർ ഞെട്ടിക്കാണും

. കൊല്ലപ്പരീക്ഷ എഴുതുമ്പോഴാണ്  ഞാൻ തരിച്ചു നിന്ന് പോയത് . രണ്ട് ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു.


' അംബേദ്‌കർ ഇടിവെട്ടേറ്റ പോലെ തരിച്ചു നിന്ന് പോയി. സാഹചര്യം വിശദമാക്കുക.'

രണ്ടാമത്തേത് - ' അംബേദ്‌കർ ഞെട്ടിത്തരിച്ച് പോയി. എപ്പോൾ ?'

ഇത്രക്ക് തല്ലിപ്പൊളിയായ ഒരു പുസ്തകം മാറ്റിയത് ഇടതു മുന്നണിയാണെങ്കിൽ  അവർക്ക് വിപ്ലവാഭിവാദ്യങ്ങൾ.
നമ്മുടെ നാട്ടിൽ നില നിന്നിരുന്ന മനോഹരമായ  വിദ്യാഭ്യാസ അവസ്ഥ ഓർമ്മ വന്നു

Tuesday, January 16, 2018

PHARMACIST

ഞങ്ങളാണ് മരുന്നിനെപ്പറ്റി പഠിക്കുന്നത് , അതിനാൽ തങ്ങൾ മാത്രമേ മരുന്നുകൾ കൈകാര്യം ചെയ്യാവൂ  എന്നാണ്  നമ്മുടെ ഫാർമസിസ്റ്റുകൾ  പറഞ്ഞു കൊണ്ടിരിക്കുന്നത് . എം ബി ബി എസ് കാർ  പഠിക്കുന്നതിന്റെ മൂന്നിരട്ടിയുണ്ടത്രേ  ഫാര്മസിക്കാർക്ക്  പഠിക്കാൻ .. ഫാർമസി  പ്രൊഫസർ പറഞ്ഞതാണ് . ശരിയായിരിക്കാം.

ഇപ്പോൾ ഇറങ്ങിയതായിപ്പറയുന്ന  ഉത്തരവും ഫാര്മസിസ്റ്റുകളുടെ  അവകാശവാദം ശരി വെക്കുന്നതാണ് . മരുന്നുകൾ ഫാര്മസിസ്റ് മാത്രം കൊടുത്താൽ  മതി.. പി എച് സി കളെയും സർക്കാർ പദ്ധതികളെയും ഈ ഉത്തരവ് എങ്ങനെ ബാധിക്കുന്നുവെന്ന്  ആരും ചിന്തിക്കുന്നില്ലെന്ന് തോന്നുന്നു.

സബ്സെന്ററുകൾ  വഴി  പ്രഷറിനും പ്രമേഹത്തിനും ഒക്കെ  ജീവിത ശൈലീ  രോഗനിയന്ത്രണപദ്ധതികളിൽ പെടുത്തി  മരുന്ന് കൊടുത്തു കൊണ്ടിരുന്നു. ഇനി മുതൽ അത് നടക്കില്ല. ജെ പി എച് എൻ മരുന്ന് കൊടുക്കില്ല. ബി പി ഡോക്ടറോ നഴ്സോ നോക്കിത്തരും.

പി എച്ഛ് സി യിലാണെങ്കിൽ  ഫാര്മസിസ്റ് ലീവ് എടുക്കുന്ന ദിവസം ജനങ്ങൾക്ക്  മരുന്ന് കിട്ടാൻ സാധ്യതയില്ല. അതായത് ഇരുപത്  കാഷ്വൽ ലീവ് , മുപ്പത് ആർജിതാവധി , ഇരുപത് അർദ്ധവേതനാവധി , വീക്കിലി ഓഫ് , ട്രെയിനിങ് ,  കോൺഫറൻസ്  ഇതിലൊന്നും ഫാര്മസിസ്റ്  ആശുപത്രിയിലുണ്ടാകില്ല.ഫാര്മസിസ്റ് ഇല്ലാത്ത ദിവസം നഴ്സ്  മരുന്ന് കൊടുത്താൽ അത് ചട്ട വിരുദ്ധമാണ് .

ജനതാല്പര്യത്തിനു മുകളിലാണ്  നമ്മുടെ നാട്ടിൽ സ്ഥാപിത താല്പര്യങ്ങൾ എന്ന തോന്നുന്നു. അവർക്കെപ്പോഴും അധികാരികളുടെ പിന്തുണയുമുണ്ടാകും.