Saturday, September 1, 2018

calls

"ഹലോ , ഹലോ , ജിത്തു ഡോക്ടർ ഇന്ന്  ഉണ്ടോ ?"

രാവിലെ നേരം വെളുത്ത പാടെ  കിട്ടിയ  ഫോൺ കോളാണ്.

ഒരു തരുണീമണിയാണ്  വിളിക്കുന്നത്.  മധുരിത ശബ്ദം.

(ഡോക്ടർ  ജിത്തു  എന്നാൽ  ഇവിടുത്തെ  പ്രഗത്ഭനായ  മനോരോഗവിദഗ്ദനാണ് ).

" ജിത്തു ഡോക്ടർ  ഉണ്ടോ എന്നറിയില്ല " - ഞാൻ പറഞ്ഞു.

" അതെന്താ ? നിങ്ങൾ ജിത്തു ഡോക്ടറുടെ അസിസ്റ്റന്റല്ലേ ? "
മധുരിത ശബ്ദം വിടുന്നില്ല.

എനിക്കാണെങ്കിൽ  മുഷിഞ്ഞു തുടങ്ങിയിരുന്നു .സമയമില്ലാത്ത സമയത്താണ് , ഒരു ജിത്തു ഡോക്ടർ . അവർക്കെങ്ങനെ എന്റെ ഫോൺ നമ്പർ കിട്ടിയെന്നും എനിക്കറിയില്ല.

" ജിത്തു ഡോക്ടർ ഉണ്ടോ എന്ന് എനിക്കറിയാൻ മേല . നിങ്ങൾ എന്നോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല " - ഞാൻ പറഞ്ഞു. ഞാൻ അയാളുടെ അസിസ്റ്റന്റുമല്ല.
 

 ഒരു മണിക്കൂർ കഴിഞ്ഞു കാണും . അതെ നമ്പറിൽ നിന്ന് വേറൊരു കാൾ.
" ഹലോ , നിങ്ങൾ ആരാ ?"
ഫോൺ എടുത്ത പാടെ അയാൾ ചോദിച്ചു. ഒരു പയ്യന്റെ ശബ്ദമാണ് .

എനിക്കാകെ ചൊറിഞ്ഞു കേറി.  " ഇങ്ങോട്ട് ഫോൺ വിളിച്ചിട്ട് നിങ്ങൾ ആരാ എന്ന് ഇങ്ങോട്ട് ചോദിക്കുന്നോ "

" നിങ്ങൾ എന്തിനാണ്  രാവിലെ  തന്നെ എന്റെ ചേച്ചിയെ വിളിച്ചത് ?"  - അയാൾ ചോദിച്ചു.

ഞാൻ വിളിച്ചില്ലല്ലോ - ഞാൻ പറഞ്ഞു.

നിങ്ങൾ വിളിച്ചതായി ഇതിൽ കാണുന്നുണ്ടല്ലോ ?  അയാൾ വിടുന്നില്ല.
 
അത് ഞാനായിരിക്കില്ല . മറ്റാരെങ്കിലുമായിരിക്കും.  ഇതും പറഞ്ഞു  ഞാൻ ഫോൺ കട്ടാക്കി. അല്ലെങ്കിൽ തന്നെ വൈകി ഓടിക്കൊണ്ടിരിക്കുന്നു .
 
 ഇപ്പോഴിതാ ഒരു ശബ്ദം വീണ്ടും വിളിക്കുന്നു . പെങ്ങളെ  വിളിച്ച് ശല്യപ്പെടുത്തരുതെന്ന് .  ശല്യപ്പെടുത്തിയാൽ കൈകാര്യം ചെയ്യുമത്രേ .


Thursday, August 30, 2018

പൊറോട്ട

 " ഒരു പൂരി "

വേഗത്തിൽ നടന്നു വന്ന് , ആ തട്ട് കടയുടെ മുന്നിൽ പെട്ടെന്ന്  നിന്ന് അയാൾ  പറഞ്ഞു.

ഉണ്ടുവണ്ടിക്കാരനും  അയാളുടെ  രണ്ട് സഹായികളുമാണ് അവിടെയുള്ളത്  . പൊറോട്ട ,വെള്ളപ്പം,ചപ്പാത്തി ,പുട്ട് ,  പിന്നെ ചിക്കൻ ,ബീഫ് , പച്ചക്കറി  ഇവയെല്ലാമുണ്ട്  .

സഹായി ,ഒരു ഹിന്ദിക്കാരൻ പയ്യൻ , ഒരു പ്‌ളേറ്റെടുത്ത്  ചൂടുവെള്ളത്തിൽ  നന്നായികഴുകി ,ഒരു വിശുദ്ധവസ്തു  കൈകാര്യം ചെയ്യുന്നത് പോലെ , ഒരു  ചൂട് പൂരിയെടുത്ത് , അതിലിട്ട്  അയാൾക്ക് ശ്രദ്ധാപൂർവം കൊടുത്തു..

"   "ഒരു ലേശം ചാറ് " -  പ്ളേറ്റ് നീട്ടി അയാൾ പറഞ്ഞു.

ഹിന്ദിക്കാരൻ പയ്യന്  അത് മനസ്സിലായില്ലെന്ന് തോന്നുന്നു.

" ഇവിടെ ചാറൊന്നുംതരില്ല - ഒരു കടലക്കറിക്ക്  പതിനാറു രൂപയെ ഉള്ളൂ " -തോർത്തുമുണ്ട്  തലയിൽ കെട്ടിയ മുതലാളിയാണ്  പറഞ്ഞത്..

 "ആകെ പത്ത് രൂപയെ    എന്റടുത്ത്    ഉള്ളൂ "- പൂരി വാങ്ങിയ ആൾ വിഷണ്ണനായി.

" കുറച്ച് ബീഫിന്റെ  ചാറു തരട്ടെ-"  മറ്റൊരാളാണ് . പൊറോട്ടയും ബീഫ് കറിയും വാങ്ങുന്നു.
അയാൾ ബീഫിന്റെ കറിയും കുറച്ച്  കഷണങ്ങളും  പൂരിയുടെ മോളിലേക്ക് പാർന്നു.

ചൂടാറുന്നതിനു മുമ്പ് തന്നെ അയാൾ  അത് കഴിക്കാൻ തുടങ്ങി.

സമയം അർദ്ധ രാത്രിയോടടുക്കുന്നു.
മെഡിക്കൽ കോളേജിനടുത്ത്  രാത്രിയായാൽ  പൊട്ടി മുളക്കുന്ന തട്ടുകടകളൊന്നിന്റെ അടുത്ത്  ഞാൻ  കട്ടൻ ചായ കുടിക്കാൻ പോയതായിരുന്നു.. ചായ കുടിച്ചിട്ടു വേണം  ഉറങ്ങാൻ .
ഞാൻ ചായ കുടിച്ച്   നിർത്തുമ്പോഴേക്കും  പൂരിക്കാരൻ അത് കഴിച്ച് കഴിഞ്ഞിരുന്നു.

"നിങ്ങള് പൊയ്ക്കോ , പൈസ ഞാൻ കൊടുത്തോളാ- " ബീഫും പൊറോട്ടയും തട്ടുന്ന ചേട്ടൻ അയാളോട് പറഞ്ഞു.

പിന്നീട് അയാൾ വേഗത്തിൽ  കേഷ്വാലിറ്റിയുടെ  ഭാഗത്തേക്ക്  നടന്നു. ആരുടെയോ കൂട്ടിരിപ്പുകാരനായിരിക്കും ..


നോട്ട്  നിരോധിച്ചതിന്റെ  പിറ്റേ ദിവസമായിരുന്നു ഇത് . നോട്ട് നിരോധനവുമായി ഇതിനെന്തെങ്കിലും  ബന്ധമുണ്ടോ  എന്ന് എനിക്ക്  മനസിലായില്ല. പക്ഷെ, അയാളുടെ  കൈയിലാകെ പത്ത് രൂപയെ  ഉള്ളൂ ..


പിന്നീടുള്ള  കുറെ ദിവസം ആളുകൾ റോഡിൽ  അങ്കലാപ്പ് പിടിച്ച്  നടക്കുന്നതാണ്  കണ്ടത്. ആളുകളുടെ  കൈയിൽ പണമില്ല. ആശുപത്രിയിൽ  കിടക്കുന്ന ആൾക്ക്  ബക്കറ്റും തോർത്തുമുണ്ടും  വാങ്ങണം.ഡോക്ടർ  പുറത്തേക്ക്  എഴുതിയ മരുന്ന് വാങ്ങണം .ലാബിൽ ടെസ്റ്റ് ചെയ്യാൻ പോകണം . കഴിക്കാനുള്ള ഭക്ഷണം  വാങ്ങണം.പക്ഷെ ,കൈയിൽ പണമില്ല.

ചിലർ  എ ടി എം കൗണ്ടർ  തപ്പി നടക്കുകയായിരുന്നു. കഷ്ടപ്പെട്ട്  കൗണ്ടർ കണ്ട് പിടിച്ചാൽ തന്നെ  അവിടെ നിന്ന് പൈസ കിട്ടില്ല .

ഈ ദുരിതങ്ങളെല്ലാം  സഹിച്ച് കൊണ്ടിരിക്കുമ്പോഴും   എല്ലാം നല്ലതിനാണെന്ന  വിശ്വാസം പലർക്കുമുണ്ടായിരുന്നു. കള്ളപ്പണക്കാരെ  ഒതുക്കുമെന്ന്  തന്നെ പലരുംകരുതി.

ഇതിന്റെ  ഉടമസ്ഥന്  ഇത്ര രൂപ ഞാൻ വാഗ്ദാനം ചെയ്യുന്നു  എന്ന്  റിസർവ്   ബാങ്ക്  ഗവർണർ  എഴുതി ഒപ്പിട്ട നോട്ടുകൾ  ഒരു രാത്രി  കഴിഞ്ഞ്  സൂര്യനുദിക്കുമ്പോഴേക്കും  വെറുംകടലാസ്  കഷ്ണങ്ങളായി മാറി.
സ്വന്തം  കറൻസിയുടെ  വിശ്വാസ്യത തകർക്കരുതെന്ന്  പലവിദഗ്ദരും അന്നേ  അഭിപ്രായപ്പെടുന്നുണ്ടായിരുന്നു.


ഇക്കണോമിക്സ്  അറിയില്ല. പക്ഷെ,ഇതെല്ലാം  എന്തിനായിരുന്നെന്ന്  ഇപ്പോൾ ഒരു പിടിയും കിട്ടുന്നില്ല.



Sunday, April 22, 2018

കടപ്പുറത്ത്

കണ്ണൂരിലെ ഒരു കടപ്പുറത്ത് കാറ്റ് കൊള്ളാൻ പോയതാണ്.
ഒരു കൂട്ടുകാരനുമുണ്ടായിരുന്നു കൂടെ.--ഒരു ഫോട്ടോഗ്രാഫർ.
കടൽത്തീരത്ത് ആരുമുണ്ടായിരുന്നില്ല. അടുത്തുള്ള റിസോർട്ടിൽ നിന്നും ഇറങ്ങി വന്ന ഒരു സായിപ്പും മദാമ്മയും മാത്രമേയുള്ളു.
നേരം ഉച്ച കഴിഞ്ഞതേയുള്ളൂ.
തീരത്തു കൂടെ കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു തോണിക്കാരനെ കണ്ടു. ഒരു ചെറിയ തോണിയാണ്. മദ്യപിച്ചതു പോലെ കാണപ്പെട്ട ഒരു സുഹൃത്തുമുണ്ട്.തോണിക്കാരൻ കുറച്ചു നേരം ഞങ്ങളെ നിരീക്ഷിച്ചു.
കുറച്ചു കഴിഞ്ഞ് തോണിക്കാരൻ ഞങ്ങളെ സമീപിച്ചു. തോണിയിൽ കടലിലൂടെ ഒരു മണിക്കൂർ കറങ്ങാം. 200 രൂപയേയുള്ളൂ.
ഞങ്ങൾക്ക് അത്തരം ഉദ്ദേശങ്ങളൊന്നുമില്ലെന്ന് തീർത്തു പറഞ്ഞു.ഞങ്ങൾ കടലു കാണാനും കാറ്റു കൊള്ളാനും മാത്രം വന്നവരാണ്.
തോണിക്കാരൻ വിടുന്നില്ല. അയാളുടെ സുഹൃത്തും അയാളുടെ കൂടെ കൂടി. കടൽ എത്ര മനോഹരമെന്നും കടൽ യാത്ര എത്ര രസകരമെന്നും വിവരിക്കാൻ തുടങ്ങി.റിസോർട്ടിൽ വരുന്നവർ സ്ഥിരമായി അങ്ങനെ പോകാറുണ്ട്.
എന്നിട്ടും ഞങ്ങൾ സമ്മതിച്ചില്ല.സുഹൃത്തിന്റെ ഗമണ്ടൻ ക്യാമറ കണ്ടെന്നു തോന്നുന്നു. അയാൾ പറഞ്ഞു - " കുറച്ചപ്പുറത്ത് ഒരു തുരുത്തുണ്ട്, അവിടെ പക്ഷികളൊക്കെയുണ്ട്".
എന്നിട്ടും ഞങ്ങൾക്ക് അവിടെ പോകണമെന്ന് തോന്നിയില്ല.. അവസാനം തോണീക്കാരൻ അലക്ഷ്യമായി കടലിലേക്ക് നോക്കിപ്പറഞ്ഞു - "ധൈര്യം ലേശം കുറവാണെന്നു തോന്നുന്നു."
ഇതു കേട്ടതും കൂട്ടുകാരൻ എന്നെയൊന്നു തോണ്ടി.- നമുക്ക് ആ തുരുത്തൊന്നു കണ്ടു വരാം. നല്ല സുന്ദരമായ തുരുത്തായിരിക്കും. ദേശാടനപ്പക്ഷികൾ വരുന്നുണ്ടാകും. വർണ്ണങ്ങളും വർണ്ണക്കൊക്കുകളുമുണ്ടാകും.
അങ്ങനെ ഞങ്ങൾ തോണിയിൽ കയറി പുറപ്പെട്ടു. കര അകന്നകലാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ തോണി ഒരു തുരുത്തായി മാറി.ആകെ വിയർക്കാനും നെഞ്ഞിടിക്കാനും തുടങ്ങി. ഞങ്ങൾ തോണിക്കാരനോട് പറഞ്ഞു - " ഇപ്പോൾ ഇത്ര മതി, ഇപ്പോൾ സമയമില്ല. തിരക്കുണ്ട്. തുരുത്തിൽ പിന്നീടൊരിക്കൽ പോകാം."
അങ്ങനെ ഞങ്ങൾ പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തി. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു - സമയമില്ലാത്തതുകൊണ്ടാണ്, അല്ലാതെ പേടിയുള്ളതു കൊണ്ടൊന്നുമല്ല. സമയമുണ്ടായിരുന്നെങ്കിൽ തീർച്ചയായും ആ തുരുത്തിൽ പോകുമായിരുന്നു. സത്യമായിട്ടും ഭയം കൊണ്ടല്ല."
വിരാമതിലകം - നമ്മെ കുപ്പിയിലിറക്കാനുള്ള സൈക്കോളജി ഈ ലോകത്തെ പലർക്കും നല്ല നിശ്ചയമുണ്ട്. കരുതിയിരുന്നില്ലെങ്കിൽ നമ്മുടെ പോക്കറ്റിലിരിക്കേണ്ട പൈസ മറ്റുള്ളവന്റെ പോക്കറ്റിൽ കിടക്കും.

Thursday, February 15, 2018

സാക്ഷിക്കൂട്

 " ആ പെണ്ണുങ്ങളും ഞാനുമായി  എന്താണ് ബന്ധം ?"

" ആ പെണ്ണുങ്ങളും നിങ്ങളുമായി എന്താണ് ബന്ധം ? എനിക്കറിയില്ല.. "

കോടതിയിൽ മൊഴി കൊടുത്തിറങ്ങി  , ഓഫീസിൽ ചെന്ന്  വന്നതിന്റെ സർട്ടിഫിക്കറ്റ് വാങ്ങി പുറത്തേക്ക് നടന്നതാണ് . കോടതിയിൽ നിന്നിറങ്ങി ഒരു ചായ കുടിക്കണമെന്ന് തോന്നി. സത്യത്തിൽ ഒരു മഗ്‌ തണുത്ത ബിയർ കുടിക്കണമെന്നാണ് തോന്നിയത്. വിയർത്തൊലിക്കുന്നുണ്ടായിരുന്നു.

സമൻസ് കിട്ടി ദൂരെ നിന്ന് വന്നതാണ് .

അപ്പോഴാണ് അയാൾ പുറകെ ഓടി വന്ന ചോദിക്കുന്നത്.. - അവരും ഞാനുമായി എന്ത് ബന്ധം ?

അയാളെ ഞാൻ പ്രതിക്കൂട്ടിൽ കണ്ടിരുന്നു. മുഖത്ത് നിറയെ ആകാംക്ഷയായിരുന്നു. പ്രതിക്കൂട്ടിൽ നിന്നിറങ്ങി എന്റെ പുറകെ വന്നപ്പോഴും  അയാൾ അസ്വസ്ഥനായിരുന്നു.


 " ആ പെണ്ണുങ്ങളെ ഞാൻ ഇത് വരെ കണ്ടിട്ടു പോലുമില്ലല്ലോ ? പിന്നെന്തിനാണ്  എന്റെ കേസിൽ ആ പെണ്ണുങ്ങൾ കോടതിയിൽ വന്നത് ? "


ശാരീരികമായി കുറച്ച്  അവശതകളുള്ള ആ സ്ത്രീ എനിക്ക് ശേഷം സാക്ഷിക്കൂട്ടിലേക്ക് പതുക്കെ നടന്നു നീങ്ങുന്നത്  ഞാനും കണ്ടിരുന്നു. അവർ ആരെന്ന് എനിക്കും അറിയില്ലായിരുന്നു. 


എങ്കിലും ഞാൻ ഊഹിച്ചു. വീട് കേറി ആക്രമിച്ചു എന്നതായിരുന്നല്ലോ അയാളുടെ പേരിലുള്ള കേസ് . " വീട്  സാക്ഷ്യപ്പെടുത്താൻ വില്ലേജിൽ നിന്നോ പഞ്ചായത്തിൽ നിന്നോ  വന്നതായിരിക്കാം അവർ ". ഞാൻ പറഞ്ഞു . അപ്പോഴും അയാൾക്ക് അത് ബോധ്യപ്പെട്ടതായി തോന്നിയില്ല.


അവരെ പിന്നീടൊരിക്കൽ ഞാൻ പരിചയപ്പെട്ടിരുന്നു. പഞ്ചായത്ത് സെക്രട്ടറി ആയിരുന്നു അവർ .

കോടതിയിൽ ഹാജരാകണമെന്ന്  അറിയിപ്പ് കിട്ടിയത് മുതൽ ഞാൻ അസ്വസ്ഥനായിരുന്നു. . കോടതിയിൽ  പോകുമ്പോൾ ഒരിക്കലും സ്വസ്ഥത കിട്ടാറില്ല. എന്തൊക്കെ കുരിശാണ് ഉണ്ടാകുക എന്നറിയില്ലല്ലോ . എഴുതിയിരുന്ന സർട്ടിഫിക്കറ്റിൽ കുഴപ്പമുള്ളതായി എനിക്ക് തന്നെ തോന്നിയിരുന്നു.

 ദൈവാനുഗ്രഹം. എന്നെ ക്രോസ് ചെയ്യാൻ പ്രതിഭാഗം വക്കീൽ ഉണ്ടായിരുന്നില്ല. ആരാണ്  ഹാജരാകുന്നതെന്ന് മജിസ്‌ട്രേട്  ഇഗ്ളീഷില്  ചോദിച്ചു. വെളുത്ത് കൊലുന്നനെയുള്ള  ഒരു പെൺകുട്ടി വക്കീൽ മടിച്ച് മടിച്ച് എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു - അഡ്വേക്കറ്റു  രാമൻ കുട്ടിയാണ് പ്രതിക്ക് വേണ്ടി ഹാജരാകുന്നത്.

എവിടെ രാമൻ കുട്ടി ?  പുച്ഛം  നിറഞ്ഞ ഒരു ചിരിയോടെ ജഡ്ജി ചോദിച്ചു.  അവിടെയുണ്ടായിരുന്ന വക്കീലന്മാരുടെയും  മുഖത്ത്  ചിരി പൊട്ടി. ആ പെൺകുട്ടി വക്കീലിന്റെ  മുഖം മാത്രം വിവർണ്ണമായി.

രാമൻ കുട്ടി വക്കീൽ  ബഞ്ചിനടിയിൽ നിന്നെങ്ങാൻ പൊങ്ങി വരുമോ എന്നായിരുന്നു എന്റെ പേടി. അങ്ങനെയൊന്നുമുണ്ടായില്ല.  രാമൻ കുട്ടി വക്കീൽ ഹാജറില്ല.


ആശ്വാസ നിശ്വാസങ്ങൾ വിട്ടു കൊണ്ട് ഞാൻ പുറത്തിറങ്ങി.
പ്രതിയോട്  എനിക്ക് സഹതാപം തോന്നിത്തുടങ്ങിയിരുന്നു.  വക്കീലില്ലാത്ത  ഒരാൾ കോടതിയിൽ   പ്രതിക്കൂട്ടിൽ ..


എന്നത്തേയും പോലെ തുടങ്ങിയ ഒരു ദിവസം. ഉച്ചക്ക് അയാളും അയൽക്കാരനും തമ്മിൽ  എന്തിനോ ഒരു കശപിശയുണ്ടായി . വൈകുന്നേരം വീട്ടിൽ നിന്ന് ഒരു കത്തിയെടുത്ത് അയാൾ അയൽക്കാരന്റെ വീട്ടിൽ ചെന്ന് അയാളുടെ തലക്ക് വെട്ടി.


ആശുപത്രിയിൽ കൊണ്ട് വരുമ്പോൾ അയാളുടെ തലയിൽ  ആഴത്തിലുള്ള  മുറിവുണ്ടായിരുന്നു. തലയോട്ടിയുടെ എല്ലു വരെ കാണാമായിരുന്നു.  എങ്കിലും വലിയ ബ്ലീഡിങ് ഒന്നുമുണ്ടായിരുന്നില്ല.

കുറച്ച് കഴിഞ്ഞപ്പോൾ മറ്റെയാളെയും കൊണ്ട് വന്നു. അയാൾക്കും എന്തൊക്കെയോ പരിക്ക് പറ്റിയിരുന്നു. ആരെങ്കിലും തല്ലിക്കാണും.

അയാളുടെ കോപം അപ്പോഴും അടങ്ങിയിരുന്നില്ല. അയാൾ ദേഷ്യത്തിൽ തുടർച്ചയായി പല്ലിറുമ്മിക്കൊണ്ടിരുന്നു. കൂടുതൽ കൂടുതൽ ആളുകൾ വന്ന് ആശുപത്രിയാകെ ബഹളമായപ്പോൾ  വെട്ടേറ്റയാളെ  റഫർ ചെയ്തു വിട്ടു.


 അന്നത്തെ  ആ ചൂടൻ മനുഷ്യനാണ്  ഒരു പാവത്തെപ്പോലെ  എന്റെ പുറകെ നടക്കുന്നത്.

ഞാൻ  അയാളോട്  അന്വേഷിച്ചു - " നിങ്ങൾ  വക്കീലിനെയൊന്നും കണ്ടിരുന്നില്ലേ ?"

" കണ്ടിരുന്നല്ലോ ? " നാലഞ്ചു ദിവസമായി ഷേവ് ചെയ്യാത്ത നരച്ച താടി തടവിക്കൊണ്ട് അയാൾ പറഞ്ഞു. " ഇന്നലെ കണ്ടു. ആയിരം രൂപ ഇന്നലെയും കൊടുത്തു.."

'' പക്ഷെ നിങ്ങൾക് വേണ്ടി വാദിക്കാൻ വക്കീലുണ്ടായിരുന്നില്ലല്ലോ ? " - ഞാൻ ചോദിച്ചു .

" ഉണ്ടായിരുന്നല്ലോ - സാർ  കണ്ടില്ലേ  ഒരു പെൺകുട്ടി വക്കീൽ  എഴുന്നേറ്റു നിന്ന് ഇഗ്ളീഷില്  വാദിക്കുന്നത് "

 വക്കീൽ ഹാജറില്ലെന്നാണ്  ഇൻഗ്ലീഷിൽ  വാദിച്ചതെന്ന് ഞാൻ പറയാൻ പോയില്ല.  എന്തിന് അയാളുടെ വിശ്വാസം നഷ്ടപ്പെടുത്തണം ?

കുറേക്കാലത്തിനു ശേഷം ബസ്സിൽ വെച്ച് എന്നെ കണ്ട അയാൾ പരിചയം പുതുക്കി. ആ കേസിൽ അയാളെ വെറുതെ വിട്ടത്രേ.

ഇന്നലെ ഒരാൾ കോടതി അനുഭവം എഴുതിയത് കണ്ടപ്പോൾ  ഓർമ്മ വന്നതാണ് .
കണ്ട അലവലാതി ജനങ്ങളൊക്കെ  ഇംഗ്ലീഷ്  പഠിച്ചാൽ വക്കീലന്മാർക്കും ഡോക്ടർമാർക്കും കിട്ടുന്ന  പൈസ കുറയുമെന്ന് തോന്നുന്നു 

Thursday, January 18, 2018

BHEEM RAO AMBEDKAR

അംബേദ്‌കർ എന്നൊരു ഉപപാഠപുസ്തകം  പണ്ട് പഠിക്കാനുണ്ടായിരുന്നു . അത് ഇടതു സർക്കാർ പിൻവലിച്ചു എന്നും മറ്റേതോ പുസ്തകം ഉപപാഠപുസ്തകമാക്കി  എന്നും ഒരു ആരോപണം  ഇന്ന് ആരോ എഴുതിക്കണ്ടു.

പുസ്തകം പിൻവലിച്ചെങ്കിൽ  അത് നല്ലൊരു കാര്യമായി കാണുന്നു. കാരണം അത്രക്ക് വിലക്ഷണമായ  ഒരു പാഠപുസ്തകം അതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ല.

അത് കാരണം അംബേദ്കറെത്തന്നെ വെറുത്തു പോയി. വായിക്കുമ്പോൾ  അംബേദ്‌കർ ഒരു കോമാളിയാണെന്നാണ്  ഒമ്പതാം ക്ളാസുകാർക്ക്  തോന്നിയിരുന്നത് .

പുസ്തകത്തിൽ മുഴുവൻ  അംബേദ്‌കർ ഞെട്ടിയ കഥകളാണ് . ' അംബേദ്‌കർ ഞെട്ടിപ്പോയി , അംബേദ്‌കർ സ്തംഭിച്ചു പോയി , അംബേദ്‌കർ ഇടിവെട്ടേറ്റ  പോലെ തരിച്ചു പോയി, അംബേദ്‌കർ  പാമ്പ് കടിയേറ്റ പോൽ നിന്ന് പോയി, അംബേദ്‌കർ സ്തബ്ധനായി പോയി ' എന്നിങ്ങനെ ഒരു നൂറു തവണയെങ്കിലും  അംബേദ്‌കർ ഞെട്ടിക്കാണും

. കൊല്ലപ്പരീക്ഷ എഴുതുമ്പോഴാണ്  ഞാൻ തരിച്ചു നിന്ന് പോയത് . രണ്ട് ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു.


' അംബേദ്‌കർ ഇടിവെട്ടേറ്റ പോലെ തരിച്ചു നിന്ന് പോയി. സാഹചര്യം വിശദമാക്കുക.'

രണ്ടാമത്തേത് - ' അംബേദ്‌കർ ഞെട്ടിത്തരിച്ച് പോയി. എപ്പോൾ ?'

ഇത്രക്ക് തല്ലിപ്പൊളിയായ ഒരു പുസ്തകം മാറ്റിയത് ഇടതു മുന്നണിയാണെങ്കിൽ  അവർക്ക് വിപ്ലവാഭിവാദ്യങ്ങൾ.
നമ്മുടെ നാട്ടിൽ നില നിന്നിരുന്ന മനോഹരമായ  വിദ്യാഭ്യാസ അവസ്ഥ ഓർമ്മ വന്നു

Tuesday, January 16, 2018

PHARMACIST

ഞങ്ങളാണ് മരുന്നിനെപ്പറ്റി പഠിക്കുന്നത് , അതിനാൽ തങ്ങൾ മാത്രമേ മരുന്നുകൾ കൈകാര്യം ചെയ്യാവൂ  എന്നാണ്  നമ്മുടെ ഫാർമസിസ്റ്റുകൾ  പറഞ്ഞു കൊണ്ടിരിക്കുന്നത് . എം ബി ബി എസ് കാർ  പഠിക്കുന്നതിന്റെ മൂന്നിരട്ടിയുണ്ടത്രേ  ഫാര്മസിക്കാർക്ക്  പഠിക്കാൻ .. ഫാർമസി  പ്രൊഫസർ പറഞ്ഞതാണ് . ശരിയായിരിക്കാം.

ഇപ്പോൾ ഇറങ്ങിയതായിപ്പറയുന്ന  ഉത്തരവും ഫാര്മസിസ്റ്റുകളുടെ  അവകാശവാദം ശരി വെക്കുന്നതാണ് . മരുന്നുകൾ ഫാര്മസിസ്റ് മാത്രം കൊടുത്താൽ  മതി.. പി എച് സി കളെയും സർക്കാർ പദ്ധതികളെയും ഈ ഉത്തരവ് എങ്ങനെ ബാധിക്കുന്നുവെന്ന്  ആരും ചിന്തിക്കുന്നില്ലെന്ന് തോന്നുന്നു.

സബ്സെന്ററുകൾ  വഴി  പ്രഷറിനും പ്രമേഹത്തിനും ഒക്കെ  ജീവിത ശൈലീ  രോഗനിയന്ത്രണപദ്ധതികളിൽ പെടുത്തി  മരുന്ന് കൊടുത്തു കൊണ്ടിരുന്നു. ഇനി മുതൽ അത് നടക്കില്ല. ജെ പി എച് എൻ മരുന്ന് കൊടുക്കില്ല. ബി പി ഡോക്ടറോ നഴ്സോ നോക്കിത്തരും.

പി എച്ഛ് സി യിലാണെങ്കിൽ  ഫാര്മസിസ്റ് ലീവ് എടുക്കുന്ന ദിവസം ജനങ്ങൾക്ക്  മരുന്ന് കിട്ടാൻ സാധ്യതയില്ല. അതായത് ഇരുപത്  കാഷ്വൽ ലീവ് , മുപ്പത് ആർജിതാവധി , ഇരുപത് അർദ്ധവേതനാവധി , വീക്കിലി ഓഫ് , ട്രെയിനിങ് ,  കോൺഫറൻസ്  ഇതിലൊന്നും ഫാര്മസിസ്റ്  ആശുപത്രിയിലുണ്ടാകില്ല.ഫാര്മസിസ്റ് ഇല്ലാത്ത ദിവസം നഴ്സ്  മരുന്ന് കൊടുത്താൽ അത് ചട്ട വിരുദ്ധമാണ് .

ജനതാല്പര്യത്തിനു മുകളിലാണ്  നമ്മുടെ നാട്ടിൽ സ്ഥാപിത താല്പര്യങ്ങൾ എന്ന തോന്നുന്നു. അവർക്കെപ്പോഴും അധികാരികളുടെ പിന്തുണയുമുണ്ടാകും.