Friday, December 30, 2011

മൂഡ് ഡിസോർഡർ

കുറേ നാൾ മുമ്പ് ഒരു ചെറുപ്പക്കാരൻ ഓ.പി യിൽ കാണിക്കാൻ വന്നിരുന്നു.

ശരിക്കും കാണിക്കാനായിരുന്നില്ല അയാൾ വന്നത്. അയാൾ സ്ഥിരമായി കഴിച്ചു കൊണ്ടിരുന്ന മരുന്ന്  ഇവിടെ കിട്ടുമോ എന്നറിയുകയായിരുന്നു അയാളുടെ ഉദ്ദേശ്യം .

അയാൾ ഈ നാട്ടുകാരനുമായിരുന്നില്ല. അയാളുടെ ഒരു ബന്ധുവിന്  ഇവിടെ നിന്ന് മരുന്നുകൾ കിട്ടുന്നുവെന്ന്  അറിഞ്ഞാണ്  അയാൾ ഇവിടെ വന്നത്.

അയാൾ ഒരു മാനസികരോഗവിദഗ്ദന്റെ  ചികിൽസയിൽ ആയിരുന്നു. അയാൾക്ക് സ്ഥിരമായി ഒരു മരുന്ന് കഴിക്കാനുണ്ടായിരുന്നു. ആ മരുന്നു വാങ്ങാൻ  നല്ലൊരു പൈസ അയാൾക്ക് ചെലവഴിക്കേണ്ടി വരുന്നുമുണ്ടായിരുന്നു.

മൂഡ് ഡിസോർഡർ ആയിരുന്നു അയാളുടെ അസുഖം . അയാൾക്ക്   ഉൻമാദവും വിഷാദവും വരുന്നുണ്ടായിരുന്നു.

അയാൾ ഒരു ടിപ്പിക്കൽ മലയാളി രോഗിയായിരുന്നു. ഡോക്റ്റർ സ്ഥിരമായി മരുന്നു കഴിക്കണമെന്നു പറഞ്ഞാലും തനിക്കു തോന്നുമ്പോൾ  മരുന്നു  നിർത്തുകയും തോന്നുമ്പോൾ മരുന്നു കഴിക്കുകയും ചെയ്യുന്ന ഒരാൾ .

പക്ഷെ, ഒരു കാര്യത്തിൽ അയാൾ  മറ്റു രോഗികളിൽ നിന്ന് വ്യത്യസ്തനായിരുന്നു. അസുഖത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ  തന്നെ അയാൾ  സ്വയം ഡോക്ടറെ പോയി കാണുകയും മരുന്നു വാങ്ങിക്കഴിക്കുകയും ചെയ്തു..


പതിനെട്ടാം വയസിലെ ഒരു പ്രണയത്തിനു ശേഷമാണ്  ആദ്യമായി  അയാൾക്ക് അസുഖം വന്നത്. പ്രണയിനി  അയാളെ വിട്ട് മറ്റൊരാളുടെ  കൂടെ പോയി..

അന്ന് അയാൾ കാര്യമായിട്ട്  പ്റശ്നമുണ്ടാക്കിയിരുന്നു. വീട്ടുകാരും നാട്ടുകാരും  ചേർന്നാണ്    അയാളെ  ഡോക്ടറുടെ അടുത്ത്  കൊണ്ടു പോയത്. കുറച്ചു ദിവസം അയാൾ അവിടെ അഡ്മിറ്റ് ആയിരുന്നു.

പിന്നീടും അയാൾക്ക് അസുഖം വന്നു. രോഗം വീണ്ടും വരാതിരിക്കാൻ ഒരു മരുന്ന് സ്ഥിരമായി കഴിക്കണമെന്ന് ഡോക് റ്റർ  പറഞ്ഞിരുന്നെങ്കിലും അയാൾ  കേട്ടില്ല..


അയാൾ  ഒരു ടാക്സി ഡ്റൈവർ  ആയിരുന്നു. അയാൾക്ക് സ്വന്തം വണ്ടിയുണ്ടായിരുന്നില്ല.  മുതലാളിയുടെ ജീപ്പ് ആയിരുന്നു അയാൾ ഓടിച്ചിരുന്നത്..

രാവിലെ മുതൽ രാത്രി വരെ വണ്ടിയോടിച്ച്  സാമാന്യം വരുമാനവുമായി അയാൾ ജീവിച്ചു പോന്നു..

അങ്ങനെ ജീവിച്ചു പോകുമ്പോൾ പെട്ടെന്നൊരു  ദിവസം അയാളുടെ ജീപ്പിനു വേഗത കൂടുന്നു. ലോകം കൂടുതൽ  പ്രകാശമുള്ളതാകുന്നു. ചുവപ്പു കൂടുതൽ ചുവപ്പും പച്ച കൂടുതൽ പച്ചയും മഞ്ഞ കൂടുതൽ മഞ്ഞയുമാകുന്നു.. അങ്ങനെ ലോകം മുഴുവൻ  വർണ്ണം നിറയുന്നു. മനസിൽ മുഴുവൻ പ്രണയം നിറയുന്നു. പകലിനു നീളം പോരാതെ വരുന്നു. ദൈവത്തോടുള്ള സ്നേഹം കൂടുന്നു. ദിവസത്തിൽ പല വട്ടം പള്ളിയിൽ പോകുന്നു.
കുറച്ചു ദിവസം കഴിയുമ്പോൾ ആകെ കുഴപ്പമാകുന്നു. വീട്ടുകാർ  അയാളെ ആശുപത്രിയിൽ കൊണ്ടു പോയി അഡ്മിറ്റാക്കുന്നു.

പിന്നീട്  അയാൾക്ക്    മനസിലായി.- ജീപ്പിന്റെ സ്പീഡ് കൂടുന്നത് തന്റെ സുഖക്കേടിന്റെ തുടക്കമാണെന്ന്. സ്പീഡ്  കൂടുന്നെന്നു തോന്നുമ്പോൾ  അയാൾ സ്വയം  ഡോക്ടറെ ചെന്നു കാണുകയും മരുന്നു വാങ്ങി കഴിക്കുകയും വലിയ കുഴപ്പമില്ലാതെ പോകുകയും ചെയ്തു.

പക്ഷെ, നല്ല വിലയുള്ള  മരുന്നുകളാണ്  അയാൾക്ക് വാങ്ങി കഴിക്കേണ്ടിയിരുന്നത് . അയാളുടെ  വരുമാനത്തിന്റെ നല്ലൊരു ഭാഗം മരുന്നുകൾ വലിച്ചെടുത്തു. അതിനാലാണ്  ഈ മരുന്നുകൾ പി.എച്.സിയിൽ നിന്നു കിട്ടുമോയെന്നറിയാൻ  അയാൾ ഇവിടെ വന്നത്...

അയാൾ  കഴിക്കുന്ന മരുന്നുകൾ ഇവിടെ ഉണ്ടായിരുന്നു. മാസത്തിലൊരിക്കൽ  ഇവിടെ വന്ന് അയാൾ മരുന്നുകൾ വാങ്ങി പോയ്ക്കൊണ്ടിരുന്നു. കുറേക്കാലം അങ്ങനെ പോയി. പിന്നീട് അയാളെ കാണാതായി. അയാൾ  മരുന്നു നിർത്തിക്കാണുമെന്നു കരുതി.

കഴിഞ്ഞ ദിവസം അയാൾ  ഇവിടെ വീണ്ടും പ്രത്യക്ഷപ്പെട്ടു. " ഒന്നു

" ഒന്നു  ബ്ളോക്കായിപ്പോയി " - അയാൾ പറഞ്ഞു.
സംഭവിച്ചത്  ഇങ്ങനെ -
ക്ഷീണമുണ്ടെന്നു പറഞ്ഞ്  അയാൾ  കഴിച്ചു കൊണ്ടിരുന്ന മരുന്നുകൾ നിർത്തി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ  അയാൾക്ക് വണ്ടിയോടിക്കാൻ  താല്പര്യം കുറഞ്ഞു തുടങ്ങി.. എല്ലാ കാര്യങ്ങളിലും  ബ്ളോക്ക് വരാൻ തുടങ്ങിയെന്നാണ്  അയാൾ പറഞ്ഞത്.
- വണ്ടിയോടിക്കുമ്പോൾ ബ്ളോക്ക്.. എവിടെയെങ്കിലും പോകുമ്പോൾ  ബ്ളോക്ക് .. ഭാര്യയോടുള്ള സ്നേഹത്തിനു ബ്ളോക്ക്.. ആകാശം ആകെ ഇരുണ്ടതായി തോന്നാൻ തുടങ്ങി. ഉറക്കം കുറഞ്ഞു. മരിക്കണമെന്നൊക്കെ തോന്നാൻ  തുടങ്ങി.. ഇത്രയുമായപ്പോൾ  ഭാര്യ അയാളെ വിളിച്ചു ഡോക്റ്ററുടെ  അടുത്തു  കൊണ്ടു പോയി.. കുറച്ചു ദിവസം അവിടെ കിടന്നു. പിന്നീട്  വീട്ടിലേക്കു പോന്നു.

വീണ്ടും ജീപ്പ് ഓടിക്കാൻ തുടങ്ങി. മരുന്ന് മുടങ്ങാതെ കഴിക്കാൻ  അയാളോട് പറഞ്ഞിരുന്നു. അയാൾ  കഴിച്ചു കൊണ്ടിരുന്ന പുതിയ മരുന്നുകൾ ആശുപത്രിയിൽ നിന്ന്  ലഭിക്കുമോയെന്നറിയാനാണ്  അയാൾ ഇവിടെ വന്നത്..

പക്ഷെ, അയാൾ  കഴിച്ചു കൊണ്ടിരുന്ന മരുന്നിന്റെ ഒരു രേഖയും അയാളുടെ കൈയിലുണ്ടായിരുന്നില്ല. മരുന്നിന്റെ ഒഴിഞ്ഞ പാക്കറ്റ് മാത്രമാണ്  അയാളുടെ കൈയിലുണ്ടായിരുന്നത്. എനിക്ക്  അതു വായിച്ചിട്ട്  ഒന്നും മനസിലായതുമില്ല.

അയാൾ കാണിച്ചു കൊണ്ടിരുന്ന ആശുപത്രിയിൽ നിന്ന്  ഡിസ്ചാർജ് കാർഡ് കൊടുക്കില്ലത്രെ. മരുന്നു തീരുമ്പോൾ  അവിടെ തന്നെ വന്ന് മരുന്നു വാങ്ങണമത്രെ. അവിടെത്തന്നെ മുഴുവൻ കാലവും കാണിക്കണമത്രെ.. പുറത്തുള്ള ഒരു ഡോക്ടർക്കും അയാളുടെ അസുഖമെന്തെന്നും ഏതു  മരുന്നു കഴിക്കുന്നുവെന്നും ഏതു ഡോസിൽ മരുന്നു കഴിക്കുന്നുവെന്നും മനസിലാകുകയും ചെയ്യരുത്..

ഇദ്ദേഹത്തെ ഇപ്പോൾ ഓർക്കാനുള്ള കാരണം - ഇവിടെ കുറച്ചുപേരിരുന്ന്  ഫേസ്ബുക്കിൽ ബ്ലോക്ക് , ബ്ളോക്ക് എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു. ഇവർക്ക് ഉൻമാദമാണോ വിഷാദമാണോ   അതോ തനി ഭ്രാന്താണോ ?





Sunday, October 2, 2011

ലെഡ് എന്ന വിഷം

ലെഡ് ഒരു ലോഹമാണ്.മനുഷ്യന് ഏറെ ഉപയോഗപ്രദമായ ഒരു മൂലകമാണ് ലെഡ്.പക്ഷെ , ലെഡ് ഒരു വിഷവുമാണ്.
പക്ഷെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെങ്കിലും ലെഡ് ഒരു വിഷമാണെന്ന ബോധം നമ്മുടെ സമൂഹത്തില്‍ കുറവാണ്.
കിളിരൂര്‍ പീഢനക്കേസില്‍ മരിച്ച പെണ്‍‌കുട്ടിയുടെ ശരീരത്തില്‍ ഈയത്തിന്റെ അളവ് കൂടുതല്‍ കണ്ടെത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.ഈയ വിഷബാധയാണ് മരണത്തിനിടയാക്കിയതെന്നും വാര്‍ത്തയുണ്ടായിരുന്നു.
കുട്ടികളില്‍ ലെഡ് വിഷബാധ മൂലമുള്ള മരണം തെളിയിക്കപ്പെട്ടിട്ടുണ്ട്.പക്ഷെ,പ്രായപൂര്‍‌ത്തിയായവരില്‍ ലെഡ് വിഷബാധ മൂലമുള്ള മരണം ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


മനുഷ്യ ശരീരത്തിന് പല മൂലകങ്ങളും ചെറിയ അളവിലെങ്കിലും ആവശ്യമുള്ളതാണ്.പക്ഷെ,ലെഡ് മനുഷ്യന് ഒട്ടും ആവശ്യമില്ലാത്തത്രെ.അതിനാല്‍ മനുഷ്യശരീരത്തില്‍ ലെഡിന്റെ നേരിയ അംശം പോലും ആശങ്കയുണ്ടാക്കേണ്ടതാണ്.
ഈയവിഷബാധ നമ്മുടെ സമൂഹത്തില്‍ വിരളമാണെന്ന് ഒരു ധാരണയുണ്ട്.പക്ഷെ,അത് വളരെ വ്യാപകമാണെന്നതാണ് സത്യം.പക്ഷെ, മിക്കപ്പോഴും അത് സംശയിക്കപെടുന്നില്ലെന്നതിനാല്‍ കണ്ട് പിടിക്കപ്പെടുന്നില്ല.കഴിഞ്ഞ എണ്ണായിരം വര്‍‌ഷങ്ങളായി മനുഷ്യന്‍ ലെഡ് ഉപയോഗിക്കുന്നു.ഇലക്ട്റോണിക് ഉപകരണങ്ങളുടെ ഉപയോഗം വര്‍‌ദ്ധിച്ചതോടെ ലെഡിന്റെ ഉപഭോഗവും വല്ലാതെ വര്‍ദ്ധിച്ചു.ഒരു ലോഹമെന്ന നിലയില്‍ ലെഡിന് പല ഗുണങ്ങളുമുണ്ട്.പക്ഷെ,വിലക്കുറവാണ് അതിന്റെ ഉപയോഗം ഇത്ര വര്‍ദ്ധിക്കാന്‍ പ്രധാന കാരണം.




ലെഡ് ശരീരത്തില്‍ പ്രവേശിക്കുകയും എല്ലാ അവയവങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.പക്ഷെ,ശരീരത്തില്‍ നിന്നും ലെഡ് പുറത്തു പോകുന്നില്ല.അതിനാല്‍ ദീര്‍ഘകാലം അതിന്റെ ദോഷഫലങ്ങള്‍ ഉണ്ടാകുന്നു.വായിലൂടെയും ശ്വാസത്തിലൂടെയുമാണ് ലെഡ് ശരീരത്തിലെത്തുന്നത്.തൊലിയിലൂടെയും ലെഡ് ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു.തലച്ചോറും നാഡീവ്യവസ്ഥയുമുള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളേയും ലെഡ് ബാധിക്കുന്നു.
ഗര്‍ഭസ്ഥശിശുക്കള്‍,കുട്ടികള്‍,ഗര്‍ഭിണികള്‍ എന്നിവരില്‍ ലെഡ് വിഷബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.പ്ലാസന്റയിലൂടെ ലെഡ് നന്നായി കടന്നു പോകുന്നു.മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളെ ലെഡ് കൂടുതലായി ബാധിക്കുന്നു.കുട്ടികളില്‍ മരണം വരെ ലെഡ് മൂലമുണ്ടാകുന്നു.രക്തക്കുറവ്,വിറ്റമിന്‍-ഡിയുടെ ആഗിരണത്തിലുണ്ടാകുന്ന കുറവ്,വയറു വേദന,എന്‍‌സഫലോപ്പതി എന്നിവയും ലെഡ് വിഷബാധ മൂലമുണ്ടാകാറുണ്ട്. പെയിന്റുകളില്‍ ലെഡ് വ്യാപകമായി ഉപയോഗിക്കുന്നു.മഞ്ഞ പെയിന്റുകളില്‍ ആണ് ലെഡ് ഏറ്റവും കൂടുതല്‍ ചേര്‍ക്കുന്നത്.നിര്‍ഭാഗ്യവശാല്‍ മിക്ക കളിപ്പാട്ടങ്ങളും മഞ്ഞ നിറമുള്ളതാണ്.


ഏറ്റവും ആകര്‍ഷകമായ നിറങ്ങളിലൊന്നാണല്ലോ മഞ്ഞ.സ്കൂള്‍ ബസ്സുകള്‍ വരെ മഞ്ഞ പെയിന്റടിച്ചതാണ്.കുട്ടികളുടെ പാര്‍ക്കിലെ കളിസാധനങ്ങളും മഞ്ഞയടിച്ചതാണ്.കളിപ്പാട്ടങ്ങളില്‍ നിന്നാണ് കുട്ടികളുടെ ശരീരത്തില്‍ ലെഡ് കാര്യമായി എത്തുന്നത്.ഗ്രാമങ്ങളിലെ ഉല്‍സവചന്തകളില്‍ വില്‍ക്കപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളാണ് പ്രധാനകുറ്റവാളി.ഇത്തരം കളിപ്പാട്ടങ്ങളിലെ പെയിന്റ് എളുപ്പത്തില്‍ ഇളകിപ്പോകുന്നതായാണ് കാണപ്പെടുന്നത്.
ലെഡിന്റെ ഉപയോഗം ആധുനികജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണ്.അര ടണ്‍ ലെഡ് ഒരാള്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
ലെഡ് മൂലമുള്ള ദുരന്തങ്ങള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്.


വികസ്വരരാജ്യങ്ങളിലാണ് ലെഡ് വിഷബാധ കൂടുതലായി കാണുന്നത്.കൂടുതല്‍ ലെഡ് ഉപയോഗിക്കുന്നത് പക്ഷെ,വികസിതരാജ്യങ്ങളിലാണ്.പക്ഷെ,സുരക്ഷിതമായ ഉപയോഗത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ അവിടെ ലെഡ് വിഷബാധ കുറവാണ്.
അവികസിതരാജ്യങ്ങളിലെ കുട്ടികളാണ് ലെഡ് വിഷബാധയുടെ പ്രധാന ഇരകള്‍.ബുദ്ധിമാന്ദ്യം,രക്തക്കുറവ്,വൃക്കകളുടെ തകരാറ് തുടങ്ങി പല പ്രശ്നങ്ങളും കുട്ടികളില്‍ അത് ഉണ്ടാക്കുന്നു.
ഇന്ത്യയില്‍ ലെഡ് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.പെട്ടെന്നുള്ള ദോഷഫലങ്ങള്‍ കാണാത്തതിനാല്‍ ലെഡിനെക്കുറിച്ചുള്ള ബോധവും കുറവാണ്.




8000  വര്‍ഷങ്ങളായി മനുഷ്യന്‍ ലെഡ് ഉപയോഗിക്കുന്നു.
6500 BCയില്‍ തുര്‍ക്കിയില്‍ ലെഡിന്റെ ഖനിയുണ്ടായിരുന്നു.
എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു മൂലകമാണ് ലെഡ്.മറ്റു മൂലകങ്ങളുമായി നന്നായി കൂടിച്ചേരുകയും ചെയ്യുന്നു.എളുപ്പത്തില്‍ ലഭ്യമാകുന്നതും വിലക്കുറവും പെയിന്റുകളുമായി എളുപ്പത്തില്‍ കൂടിച്ചേരുന്നതുമാണ് ലെഡിനെ പ്രിയങ്കരമാക്കുന്നത്.
ലെഡ് കാലാവസ്ഥാ വ്യതിയാനത്തെ നന്നായി പ്രതിരോധിക്കുന്നു.ദ്രവിച്ചു പോകാതിരിക്കുന്ന ഒരു ലോഹമാണ് ലെഡ്.
മനുഷ്യരാശിയുടെ സാങ്കേതിക വികാസത്തിന് ലെഡ് അനിവാര്യമാണ്.കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങളില്‍ ലെഡിന്റെ ഉപയോഗം ഒഴിവാക്കാനാകാത്തതാണ്.ഇലക്റ്റ്റോണിക് ലോകത്തിലെ പ്രധാനമൂലകമാണ് ലെഡ്.വാര്‍ത്താവിനിമയരംഗത്തും ബഹിരാകാശഗവേഷണരംഗത്തും ലെഡിന്റെ ഉപയോഗം വ്യാപകമാണ്.




തെറ്റായ ഉപയോഗവും അശ്രദ്ധയും നയരാഹിത്യവുമാണ് വികസ്വരരാജ്യങ്ങളില്‍ ലെഡ് ദുരന്തമുണ്ടാക്കാന്‍ കാരണം.കഴിക്കുന്ന ഭക്ഷണത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും നമ്മുടെ ശരീരത്തില്‍ ലെഡ് എത്തുന്നു.
ബാറ്ററികള്‍ ഉണ്ടാക്കാനാണ് ലോകത്ത് ഉപയോഗിക്കുന്ന ലെഡിന്റെ എണ്‍‌പതു ശതമാനവും ഉപയോഗിക്കപ്പെടുന്നത്.ഗുണനിലവാരമില്ലാത്ത ലെഡ് ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നു.പുനരുപയോഗിക്കാവുന്ന ലെഡിന്റെ ഉപയോഗവും ഇന്ത്യന്‍ നിര്‍മ്മിത ലെഡ് ആസിഡ് ബാക്‍റ്ററികളില്‍ കുറവാണ്.
വീട്ടിനകത്തു വെച്ച് ബാറ്ററി റിപയര്‍ നടത്തുന്നവരും ഇലക്റ്റ്റോണിക് ഉപകരണറിപയര്‍ നടത്തുന്നവരും ലെഡ് വിഷബാധയേല്‍ക്കാന്‍ സാധ്യത വളരെ കൂടുതലുള്ളവരാണ്.
റോഡരികിലെ ബാറ്ററി റിപ്പയര്‍ ഷോപ്പുകള്‍ നഗരങ്ങളിലെല്ലാം വ്യാപകമായി കാണാം.
പെട്രോളിലെ ലെഡ് ഒരു കാലത്ത് പ്രശ്നമായിരുന്നു.എഞ്ചിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ലെഡ് പെട്രോളില്‍ ചേര്‍ക്കാറുണ്ടായിരുന്നു.വാഹനത്തിന്റെ പുകയിലൂടെ ലെഡ് അന്തരീക്ഷത്തിലെത്തുകയും മലിനീകരണമുണ്ടാക്കുകയും ചെയ്തു.പിന്നീട് ലെഡിന്റെ അളവ് കാര്യമായി കുറക്കുകയും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുകയും മികച്ച എഞ്ചിനുകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു.
ഔഷധങ്ങളിലൂടെയും അമിതമായ അളവില്‍ ലെഡ് ശരീരത്തിലെത്തുന്നുണ്ട്.ചില പരമ്പരാഗത ആയുര്‍‌വേദമരുന്നുകളില്‍ ലെഡിന്റെ അംശം വളരെ കൂടുതലാണ്.ചില ചൈനീസ് മെഡിസിനുകളിലും ലെഡ് അമിതമായി കാണപ്പെടുന്നു.കുട്ടികളിലെ ഹൈപ്പര്‍ ആക്‍റ്റിവിറ്റിയ്ക്ക് ഉപയോഗിക്കുന്ന ഒരു ചൈനീസ് ഔഷധത്തില്‍ ലെഡിന്റെ അംശം കനത്ത തോതിലുണ്ട്.നാഢികളെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഇവിടെ ലെഡ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടാകാം.ലെഡ് ഒരു ഹോമിയോപ്പതി ഔഷധം കൂടിയാണ്.വിവേചനരഹിതമായ ഔഷധപ്രയോഗം ലെഡ് വിഷബാധയുണ്ടാക്കാം.




ലെഡ് ശരീരത്തിലെത്തിയാല്‍ പല ഭാഗത്തും ശേഖരിക്കപ്പെടുന്നു.എല്ലുകള്‍,നഖങ്ങള്‍,പല്ലുകള്‍,മുടികള്‍ എന്നിവടങ്ങളിലെല്ലാം ലെഡ് അടിഞ്ഞു കൂടുന്നു.ലെഡ് ശരീരത്തില്‍ വിഘടിച്ചു പോകുന്നില്ല.അത് ശരീരത്തിലെ വിവിധ പ്രോട്ടീനുകളുമായി കൂടിച്ചേര്‍ന്ന് കുഴപ്പമുണ്ടാക്കുന്നു.കാല്‍സ്യത്തിന്റെ ഉപാപചയത്തെ ലെഡ് ബാധിക്കുന്നു.ആവര്‍ത്തനപ്പട്ടികയില്‍ ലെഡിന്റെ സ്ഥാനം ഓര്‍ക്കുക.വിറ്റമിന്‍ ഡി യുടെ ഉല്‍‌പാദനത്തെയും ലെഡ് ബാധിക്കുന്നു.
ചുരുക്കത്തില്‍..
ലെഡ് വിഷബാധ സമൂഹത്തില്‍ വ്യാപകമാണ്.
ഡോക്റ്റര്‍‌മാരും രോഗികളും ലെഡ് വിഷബാധ കൂടുതലായി സംശയിക്കേണ്ടതാണ്.
മിന്നുന്നതെല്ലാം പൊന്നല്ല.പക്ഷെ,ലെഡ് ആയിക്കൂടെന്നില്ല.
നമ്മുടെ കുട്ടികളെ ലെഡ് വിഷബാധയില്‍ നിന്നും സംരക്ഷിക്കുക.നിലവാരം കുറഞ്ഞ കളിപ്പാട്ടം വാങ്ങിച്ചു കൊടുത്ത് അവരെ മന്ദബുദ്ധികള്‍ ആക്കാതിരിക്കുക.
കുട്ടികള്‍ക്ക് പെന്‍‌സിലുകള്‍ വാങ്ങുമ്പോള്‍ വര്‍‌ണ്ണആവരണം ഉള്ള പെന്‍‌സിലുകള്‍ ഒഴിവാക്കുക.വര്‍ണ്ണരഹിത പെന്‍സിലുകള്‍ ഇപ്പോള്‍ ലഭ്യമാണ്.ലെഡ് പെന്‍സിലുകളില്‍ സാധാരണഗതിയില്‍ ലെഡ് ഇല്ല.
ലെഡ് കൂടുതലുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവര്‍ വീട്ടില്‍ എത്തുന്നതിനു മുമ്പ് വസ്ത്രങ്ങള്‍ മാറ്റുക.ഭക്ഷണത്തിനു മുമ്പ് കൈകാലുകള്‍ നന്നായി വൃത്തിയാക്കുക.
വീട്ടിനകത്ത് ഇലക്ട്രോണിക് റിപ്പയര്‍ ഒഴിവാക്കുക.
രക്തപരിശോധനയിലൂടെ വിഷബാധ കണ്ടെത്താം.ലെഡ് വിഷബാധയുടെ ലക്ഷണങ്ങള്‍ അത്ര കൃത്യമല്ല.അതിനാല്‍ രക്തപരിശോധനയിലൂടെ മാത്രമേ അത് കണ്ടെത്താനാകൂ.

Sunday, September 11, 2011

ഇന്‍ഷൂറന്‍സ്

" ഒരു പെന്നും കടലാസുമുണ്ടെന്കില്‍ എന്തും എഴുതിക്കളയാമെന്നാണ് ചില വിഡ്ഢികളുടെ വിചാരം"

എന്റെ തലയില്‍ കുറേക്കാലം മുഴങ്ങി എന്നെ ശല്യപ്പെടുത്തിയ ഒരു ശബ്ദമാണിത്. 

ഒരു മാനേജറുടേതായിരുന്നു ആ ശബ്ദം .
ഒരു പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കോഴിക്കോട് ബ്രാഞ്ചിന്റെ മാനേജറുടേത്.

ആ ശബ്ദം കുറേക്കാലം എന്റെ ചെവിയില്‍ മുഴങ്ങി നിന്ന് പിന്നീട് ഇല്ലാതായി.

ഒരു സോണി ടെലിവിഷനില്‍ നിന്നായിരുന്നു അതിന്റെ തുടക്കം.ഒരു പത്തു പതിനൊന്നു കൊല്ലം മുമ്പാണ് സംഭവം .
വീട്ടിലെ പഴയ ടി.വി ഒരു പതിമൂന്നു കൊല്ലം പ്രവര്‍ത്തിച്ച ശേഷം കുറച്ച് തകരാറുകള്‍ കാണിക്കാന്‍ തുടങ്ങി.
പുതിയ ടിവി വാങ്ങാന്‍ ഞാനും ഒരു സുഹ്രൃത്തും കൂടിയാണ് കോഴിക്കോട്ടെ കണ്ണന്കണ്ടി ഇലക്റ്റ്റോണിക്സില്‍ പോയത്.
22000 രൂപക്ക് ഒരു സോണി വേഗ ടെലിവിഷന്‍ എടുത്തു.
അപ്പോഴാണ് അവിടെ ഇരുന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ ഇത് ഇന്ഷൂറ് ചെയ്യുന്നില്ലേ എന്നു ചോദിച്ചു വന്നത്.
500 രൂപക്ക് പത്തു കൊല്ലത്തേക്ക് ഇന്‍ഷൂര്‍ ചെയ്യാമെന്നു പറഞ്ഞപ്പോള്‍ അധികമൊന്നും ആലോചിച്ചില്ല.
എപ്പോഴും ഇടിമിന്നല്‍ വീഴുന്ന ഒരു ഗ്രാമമാണ് ഞങ്ങളുടേത്.
നല്ലൊരു ടി.വി യായിരുന്നു അത്.
മിഴിവാര്‍ന്ന ചിത്രവും മുഴക്കമുള്ള ശബ്ദവും.
ഒരു വര്‍ഷം ഒരു കുഴപ്പവും ടി വി ക്കുണ്ടായിരുന്നില്ല.
ഒരു ദിവസം ടിവി സ്ക്രീനില്‍ കുറച്ചു വരകള്‍ പ്രത്യക്ഷപ്പെട്ടു.
പിറ്റേ ദിവസം അത് കൂടുകയും ചിത്രങ്ങള്‍ വികലമാകുകയും ചെയ്തു.

പിറ്റേന്നു തന്നെ കണ്ണന്കണ്ടിയില്‍ പോയി കാര്യം പറഞ്ഞു. അവര്‍ സോണിയുടെ സര്‍വീസ് സെന്ററിലേക്കു വിളിച്ചു.
പിറ്റേ ദിവസം തന്നെ ആളെത്തി. എത്ര നല്ല ലോകം എന്നു കരുതി എനിക്കു സന്തോഷം തോന്നി.
ടിവി ഉടന്‍ ശരിയാക്കിത്തരാമെന്നും അതിനു ശേഷം ഇന്‍ഷൂറന്‍സ് പേപ്പറുകള്‍ ശരിയാക്കമെന്നും പറഞ്ഞു.
ഞാന്‍ സമ്മതിച്ചു.
2500 രൂപയായി.ഒരു പാര്ട്സ് മാറ്റേണ്ടിയിരുന്നു.
അയാള്‍ കുറേ പേപ്പറുകള്‍ ശരിയാക്കിത്തന്നു. അതുമായി ഇന്‍ഷൂറന്‍സ് ഓഫീസില്‍ പോയാല്‍ മതിയെന്നു പറഞ്ഞു.
പിറ്റേ ദിവസം രാവിലെ കുളിച്ചു പുറപ്പെട്ടു ഇന്‍ഷൂറന്‍സ് ഓഫീസിലെത്തി.
അവര്‍ ആ പേപ്പറുകളെല്ലാം അവിടെ വാങ്ങി വെച്ചു.
സാധാരണ ഓഫീസുകളില്‍ നിന്ന് പറയുന്നതു പോലെ അടുത്ത ആഴ്ച വരാന്‍ പറഞ്ഞു.
അടുത്തയാഴ്ച പോയപ്പോള്‍ അതിന്റെ അടുത്തയാഴ്ച വരാന്‍ പറഞ്ഞു. ആ ദിവസം പോയപ്പോള്‍ അതിന്റെയുമടുത്തയാഴ്ച.

വീണ്ടു ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഓഫീസറോട് പറഞ്ഞു ഞാന്‍ മൂന്നു തവണ വന്നു മടങ്ങിയെന്ന് .
അപ്പോള്‍ ഓഫീസര്‍ ദിനേശന്‍ എന്നയാളിനെ കാണാന്‍ പറഞ്ഞു. ദിനേശിനെ കണ്ടപ്പോള്‍ മഹേഷിനെ കാണാന്‍ പറഞ്ഞു. മഹേഷിനെ കണ്ടപ്പോള്‍ സജീവന്റെ അസസ്മെന്റ് റിപോര്‍ട്ട് വേണമെന്നും അത് കിട്ടിയിട്ടില്ലെന്നും പറഞ്ഞു. പിറ്റേന്ന് വീണ്ടു വരാനും പറഞ്ഞു.
ഇത്രയുമായപ്പോള്‍ 2500 രൂപ എഴുതിത്തള്ളാന്‍ ഞാന്‍ തീരുമാനിച്ചു.

പക്ഷെ, മനസ്സിലെ രോഷവും നിരാശയും സന്കടവുമെല്ലാം പുറത്തു പോകണമല്ലോ . മാനേജര്‍ക്ക് ഒരു കത്തെഴുതാമെന്നു തീരുമാനിച്ചു.
ഒരു കടലാസു വാങ്ങി മനസ്സിലെ വിക്ഷോഭങ്ങളെല്ലാം പച്ച മലയാളത്തില്‍ അതില്‍ പകര്‍ത്തി.
അതിനു ശേഷമാണ് ഞാന്‍ ഒരു തല തിരിഞ്ഞ കാര്യം ചെയ്തത്.ആ കത്ത് അവിടെ കൊടുക്കുന്നതിനു പകരം ഡല്‍ഹിയിലെ അവരുടെ ആസ്ഥാനത്തേക്ക് അയച്ചു കൊടുത്തു.
മുന്നിലുണ്ടായിരുന്ന ബോര്‍ഡില്‍ ആസ്ഥാനത്തിന്റെ വിലാസം കണ്ടിരുന്നു.
അതോടു കൂടി മനസ്സിലെ തിരയടങ്ങി. ഞാന്‍ ഒരു ചിക്കന്‍ ബിരിയാണി കഴിച്ചു വീട്ടിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.
പിന്നെ ഞാന്‍ അതങ്ങു മറക്കുകയും ചെയ്തു. പിന്നേയും അത് ഓര്‍ത്തിരിക്കേണ്ട കാര്യമൊന്നും എനിക്കില്ലല്ലോ.
ഒരു മാസം കഴിഞ്ഞ് ഒരു ദിവസം ഉച്ചക്ക് ഇന്‍ഷൂറന്‍സ് ഓഫീസില്‍ നിന്ന് വിളിച്ചു.അവിടെ ചെന്നു കാണണമെന്നു പറഞ്ഞു.
ഞാന്‍ അവിടെയെത്തി ഫ്രണ്ട് ഓഫീസില്‍ കാര്യം പരഞ്ഞു. അവിടെയുണ്ടായിരുന്ന ആള്‍ എന്നെ മാനേജറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവിടെയെത്തിയപ്പോള്‍ മാനേജര്‍ നല്ല ചൂടിലാണ്. എ.സി മുറിയായിട്ടും എനിക്കും ചൂടു തോന്നി.


ഒരു തമിഴ് നാട്ടുകാരനാണെന്നു  തോന്നുന്ന മാനേജര്‍ തമിഴ് ചുവയുള്ള മലയാളത്തിലാണ് സംസാരിക്കുന്നത്. ഞാന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഉടനെ പറഞ്ഞത് ഇതാണ് ." ഒരു പെന്നും  കടലാസുമുണ്ടെന്കില്‍ എന്തും  എഴുതാമെന്നാണ് നാട്ടിലെ ചില വിഡ്ഢികളുടെ വിചാരം. " 
പിന്നെയും  അയാള്‍ കുറെ പറഞ്ഞു. അപ്പോഴേക്കും  കുറേ ഓഫീസര്‍മാര്‍ അവിടെ എത്തിയിരുന്നു. ഞാന്‍ ഒന്നും  കേള്‍ക്കാനുള്ള മൂഡിലായിരുന്നില്ല.
നിങ്ങള്‍ക്ക് ഇവിടെ വല്ല പരാതിയുമുണ്ടെന്കില്‍ എന്നോടല്ലേ പറയേണ്ടത്? കത്തെഴുതണമെന്ന് നിര്‍ബന്ധമാണെന്കില്‍ എനിക്കല്ലേ എഴുതേണ്ടത്? മാനേജരുടെ പോയിന്റ് ഇതായിരുന്നു. വളരെ ശരിയായ ഒന്ന്.
താന്‍ തന്റെയടുത്തു വരുന്നവര്‍ക്ക് ചായ വാങ്ങിക്കൊടുക്കുന്ന ഒരു നല്ല മനുഷ്യനാണെന്നും  കുട്ടികള്‍ക്ക് മിഠായിയൊക്കെ കൊടുക്കാറുണ്ടെന്നും  ആര്‍ക്കും  സമീപിക്കാവുന്ന ഒരു മനുഷ്യനാണെന്നും  മാനേജര്‍ പറഞ്ഞപ്പോള്‍ എനിക്ക് മറുപടിയൊന്നുമുണ്ടായിരുന്നില്ല.
ഇത് കോടിക്കണക്കിനു രൂപയുടെ ഇടപാട് നടക്കുന്ന ഒരു സ്ഥാപനമാണെന്നും  മാനേജര്‍ രണ്ടു മൂന്നു വട്ടം  ഓര്‍മ്മിപ്പിച്ചു. 2500 രൂപ അവരെ സംബന്ധിച്ച് ഒരു നിസ്സാരതുകയാണെന്നും  പറഞ്ഞു.
ഇപ്പറയുന്നതെല്ലാം  ഞാനിരുന്ന് കേള്‍ക്കുകയാണ്. എനിക്ക് നാവു പൊങ്ങിയത് മാനേജര്‍ പറഞ്ഞ അടുത്ത കാര്യം  കേട്ടപ്പോഴാണ്.
തെറ്റായ കൈക്കൂലി ആരോപണം  ഉന്നയിച്ചതിന് എനിക്കെതിരെ കേസ് കൊടുക്കാന്‍ പോകുകയാണെന്ന് മാനേജര്‍ പറഞ്ഞപ്പോള്‍ അതു വരെ പിരിമുറുക്കത്തിലായിരുന്ന എനിക്ക് ചിരി വന്നു. ഇതില്‍ കൈക്കൂലി ചോദിച്ചെന്ന് ഒരു സ്ഥലത്തും  ഞാന്‍ പറഞ്ഞിട്ടില്ലെന്ന് ഞാനും  വാദിച്ചു. 
ഇപ്പോള്‍ കാണിച്ചു തരാമെന്നു പറഞ്ഞ് അദ്ദേഹം  ഫയലില്‍ നിന്ന് എന്റെ കത്തിന്റെ കോപ്പി തപ്പിയെടുത്തു. കത്തിന്റെ കോപ്പിയായിരുന്നില്ല അത്. പകരം  ഒരു തര്‍ജമയായിരുന്നു.
പക്ഷെ , അതില്‍ ഒരു സ്ഥലത്തും  കൈക്കൂലിയുടെ കാര്യമൊന്നും  പറഞ്ഞിരുന്നില്ല. ഒരു പുകമറ സ്രൃഷ്ടിക്കുന്ന രീതിയില്‍ എഴുതിയിരുന്നുവെന്നു മാത്രം.
ഇത്രയുമായപ്പോഴേക്കും  മാനേജര്‍ കുറച്ചു തണുത്തിരുന്നു. ഈ പ്രശ്നമൊന്നു തീര്‍ക്കണമല്ലോ എന്ന് അദ്ദേഹം  ആത്മഗതം  ചെയ്തു. 

പരാതി തെറ്റായിരുന്നുവെന്ന് എഴുതി നല്‍കണമെന്ന് മാനേജര്‍ നിര്‍ദ്ദേശിച്ചു. പക്ഷെ, ഞാന്‍ അതിനു തയ്യാറായിരുന്നില്ല.
തുടര്‍ന്ന് മറ്റൊരു ഓഫീസര്‍ എന്നെ അദ്ദേഹത്തിന്റെ മുരിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അദേഹം  ഒരു റിപോര്‍ട്ട് തയ്യാറാക്കി. 
എന്റെ അപേക്ഷയുമയി ബന്ധപ്പെട്ട ക്ലര്‍ക്ക് ഒരു മാസത്തെ അവധിയിലാണെന്നും  അസസറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും  അതു കാരണമാണ് കാലതാമസമുണ്ടായതെന്നും  അദ്ദേഹം  അറിയിച്ചു. എന്റെ പരാതി കേന്ദ്ര ആപ്പീസില്‍ ഗൗരവമായി എടുത്തുവെന്നും  അന്വേഷണം  തുടങ്ങിക്കഴിഞ്ഞുവെന്നും  ആണ് അദ്ദേഹം  പറഞ്ഞത്.
ഇങ്ങനെയൊക്കെ പരാതി കൊടുക്കുന്നതിന്റെ ബുദ്ധിമുട്ട് സര്‍ക്കാര്‍ സര്‍വീസില്‍ ചേരുമ്പോള്‍ മനസ്സിലാക്കിക്കൊള്ളുമെന്നും  അദ്ദേഹം  ഓര്‍മ്മിപ്പിച്ചു.
തെറ്റിദ്ധാരണ മൂലമാണ് പരാതി ഉണ്ടായതെന്ന് ഞാന്‍ എഴുതി നല്‍കി. ഒരു അര മണിക്കൂര്‍ കാത്തിരിക്കാന്‍ പരഞ്ഞു. അതിനു ശേഷം  2400 രൂപയുടെ ഒരു ചെക്ക് എനിക്ക് കൈമാറി.
മുന്നത്തെ പ്രാവശ്യം  ചിക്കന്‍ ബിരിയാണി കഴിച്ചൂ വീട്ടില്‍ പോയ ഞാന്‍ രണ്ടു ഗ്ലാസ്സ്  സംഭാരം  കുടിച്ചാണ് ഇപ്രാവശ്യം  വീട്ടില്‍ പോയത്.
കുറേക്കാലം  ആ  മാനേജറുടെ ശബ്ദം  എന്റെ ചെവിയില്‍ മുഴങ്ങിയിരുന്നു. ആ ശബ്ദം  എന്നെ എടുത്തു ചാടിയുള്ള പല പ്രവര്‍ത്തികളില്‍ നിന്നും  പിന്‍തിരിപ്പിച്ചു.പിന്നീട് വന്നൊരു മഴക്കാലത്ത്  ആ ശബ്ദവും  ഒലിച്ചു പോയി.
പിന്നീട് ആ ശബ്ദം  കേള്‍ക്കാന്‍ തുടങ്ങിയത് ഇക്കഴിഞ്ഞ മഴക്കാലത്താണ് .
ഈ മഴക്കാലത്ത് ഞാന്‍ ഒറ്റക്കായിരുന്നു.
ഏതോ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും  മഴക്കവിതകളില്‍ എത്തിപ്പെട്ടു.
പിന്നീട് യു റ്റ്യൂബില്‍ മഴക്കവിതകള്‍ കുറേയെണ്ണം  കേട്ടു.
സുഗതകുമാരിയുടെ രാത്രിമഴ, വിജയലക്ഷ്മിയുടെ മഴ , അനില്‍ പനച്ചൂരാന്‍ അങ്ങനെ പലതും. 
അതു മടുത്തപ്പോള്‍ രാമായണം  കേള്‍ക്കാന്‍ തുടങ്ങി. അതും  കഴിഞ്ഞപ്പോള്‍ ഫേസ്ബുക്കും  ബ്ലോഗുമെല്ലാം  കുത്തിയിരുന്നു വായിച്ചു.
അപ്പോഴാണ് വീണ്ടും  ശബ്ദം  കേള്‍ക്കാന്‍ തുടങ്ങിയത്.
" എടാ വിഡ്ഢി, ഒരു ലാപ് ടോപ്പും  അതില്‍ മലയാളം  അക്ഷരവുമുണ്ടെന്നു കരുതി എന്തും  എഴുതിക്കളയാമെന്നു കരുതരുത് "

ഇത്തരമൊരു ശബ്ദം  എല്ലാവരും  കേട്ടിരുന്നെന്കില്‍ ?


Thursday, July 14, 2011

പക്ഷിപാതാളം

പക്ഷിപാതാളം കാണാന്‍ അവസരം ലഭിച്ചത് അടുത്തിടെയാണ്.ഏറെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു യാത്രയായിരുന്നു അത്.ഞങ്ങള്‍ ആറു പേരും ഒരു ഗൈഡും ചേര്‍ന്നാണ് പക്ഷിപാതാളത്തിലേക്ക് പോയത്.കൂടെയുണ്ടായിരുന്ന ഒരു ബ്ലോഗര്‍ സുഹൃത്ത് യാത്രാവിവരണം എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്രാവിവരണം ഇവിടെ എഴുതുന്നില്ല.
പക്ഷിപാതാളമെന്നാല്‍ പാതാളമാണോയെന്നാണ് ഫേസ് ബുക്കില്‍ ഫോട്ടോയിട്ടപ്പോള്‍ ഒരാള്‍ ചോദിച്ചത്.പക്ഷിപാതാളമെന്നാല്‍ വമ്പന്‍ പാറക്കെട്ടുകളാണ്.ഈ പാറക്കൂട്ടങ്ങളുടെയിടയില്‍ ഗുഹകളാണ്.ഈ പാറക്കെട്ടുകള്‍‌ക്കിടയിലൂടെ സഞ്ചരിക്കാം.പക്ഷെ,കുറച്ച് അധ്വാനമുണ്ട്.
തിരുനെല്ലിക്കാട്ടിലാണ് പക്ഷിപാതാളം.പി.വല്‍സലയുടെ നോവലില്‍ പറഞ്ഞിരിക്കുന്ന സായിപ്പിന്റെ കൊട്ടാരം ഇവിടെയാണ്.കര്‍‌ണ്ണാടകക്കാര്‍ മുനിക്കല്‍ ഗുഹകള്‍ എനാണ് ഇതിനെ വിളിക്കുന്നത്.മുനികള്‍ തപസ്സിരുന്നതു കൊണ്ടായിരിക്കാം..
എട്ട് കിലോമീറ്റര്‍ കാട്ടിലൂടെ നടക്കണം ഇവിടെയെത്താന്‍.കേരളത്തിന്റെയും കര്‍‌ണ്ണാടകയിലെ കുടക് നിരകളുടേയും അതിര്‍ത്തിയിലാണ് പക്ഷിപാതാളം.യാത്രക്കിടയില്‍ നമ്മള്‍ അതിര്‍ത്തി കടന്ന് കര്‍‌ണ്ണാടകയിലെത്തുന്നു.തുടര്‍ന്ന് തിരിച്ച് കേരളത്തിന്റെ ഭാഗത്തെത്തുന്നു.അതിര്‍ത്തിയില്‍ ഫയര്‍ ലൈന്‍ ഇട്ടിട്ടുണ്ട്.
തിരുനെല്ലിയിലെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ നിന്നാണ് നമ്മള്‍ യാത്ര തുടങ്ങുന്നത്.എണ്ണൂറു രൂപ ട്രക്കിങ്ങ് ഫീസ് ഉണ്ട്.കൂടാതെ മുന്നൂറ് രൂപ ഗൈഡ് ഫീസും.യാത്രക്കിടയില്‍ കഴിക്കാനുള്ള ഭക്ഷണം നമ്മള്‍ കൊണ്ടു പോകണം.പക്ഷെ,വെള്ളം കാര്യമായി കൊണ്ടു പോകേണ്ട ആവശ്യം സാധാരണഗതിയില്‍ ഇല്ല.കാട്ടിലെ അരുവികളില്‍ വെള്ളം സുലഭമാണ്.
ആദ്യത്തെ നാലു കിലോമീറ്റര്‍ നടന്നാല്‍ നമ്മള്‍ വാച്ച് ടവറിലെത്തും.തിരുനെല്ലി അമ്പളത്തിന്റെ മുറ്റത്തു നിന്ന് നോക്കിയാല്‍ അങ്ങകലെ മലമുകളില്‍ ഈ വാച്ച് ടവര്‍ കാണാം.അവിടെ നിന്നും നാലു കിലോമീറ്റര്‍ വീണ്ടും നടക്കണം പക്ഷിപാതാളമെത്താന്‍.

ഞങ്ങളുടെ യാത്രാസംഘത്തില്‍ ആറു പേരുണ്ടായിരുന്നു.കൂടെ കാളന്‍ എന്നു പേരുള്ള നാട്ടുകാരന്‍ ഗൈഡും.യാത്ര തുടങ്ങിയത് ഏകദേശം ഒമ്പതു മണിക്കാണ്.അപ്പോള്‍ തന്നെ സാമാന്യം നല്ല വെയിലായിരുന്നു.ഈ ചൂടില്‍ എട്ടു കിലോമീറ്റര്‍ മല കയറുക അത്ര എളുപ്പമാവില്ല എന്നു തോന്നി.പക്ഷെ,യാത്ര തുടങ്ങുന്നതിനുമുമ്പു തന്നെ ഞങ്ങളുടെ മുന്നിലൂടെ ഓടിപ്പോയ ഒരു കൂരമാന്‍ ഞങ്ങളെ ആവേശം കൊള്ളിച്ചു.മൗസ് ഡീര്‍ എന്ന കൂരമാന്‍ ഒരു സുന്ദരനാണ്.

കുറച്ചു കൂടി നടന്നപ്പോള്‍ ഒരു മലയണ്ണാന്റെ കൂടും മലയണ്ണാന്‍ കുഞ്ഞിനേയും കണ്ടു.വനത്തിലൂടെ ഫോറസ്റ്റുകാരുടെ യാത്രക്ക് ഒരു ജീപ്പ് റോഡ് വെട്ടിയിട്ടുണ്ട്.അത് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല.ഞങ്ങള്‍ നടക്കുന്നത് ആ പാതയിലൂടെയല്ല.കാറ്റിലെ മരങ്ങളുടെ ഇടയിലൂടെയുള്ള ചെറിയൊരു നടപ്പാതയിലൂടെയാണ് ഞങ്ങളുടെ യാത്ര.
ഫോറസ്റ്റില്‍ മുമ്പ് ജോലിയുണ്ടായിരുന്ന ഒരാള്‍ ഞങ്ങളുടെ സംഘത്തില്‍ ഉണ്ടായിരുന്നു.അത് ഞങ്ങള്‍ക്ക് വളരെയധികം സഹായകമായി.ഞങ്ങളുടെ ഗൈഡ് ആണെങ്കില്‍ ഒരു സ്ഥിരം ഗൈഡ് ആയിരുന്നുമില്ല.

കൂടുതല്‍ ഉയരത്തിലേക്ക കയറിയപ്പോള്‍ ഓരോരുത്തരുടേയും ശാരീരിക ക്ഷമത അനുസരിച്ച് ഞങ്ങള്‍ പല ഗ്രൂപ്പുകളായി പിരിഞ്ഞിരുന്നു.മരങ്ങളുടെ ഇടയിലൂടെ കുറേ നടന്ന് ഞങ്ങള്‍ ഒരു വെളിമ്പ്രദേശത്ത് എത്തി.കുറച്ചു കഴിഞ്ഞ് നാം വീണ്ടും ചോലക്കാടുകളില്‍ എത്തുന്നു.പിന്നീടാണ് വാച് ടവറിലെത്തുന്നത്.അവിടെ കുറച്ചു നേരം വിശ്രമിച്ചു.തെറ്റ് റോഡിലെ കുട്ടേട്ടന്റെ കടയില്‍ നിന്ന് വാങ്ങിച്ച  ഉണ്ണിയപ്പവും നാരങ്ങാവെള്ളവും അകത്താക്കി.അതിനു ശേഷം ടവറിന്റെ മുകളില്‍ കയറി.ഉയരത്തോട് പേടിയുള്ള ഞാന്‍ കുറച്ച് മടിച്ചാണ് കയറിയത്.അതിനാല്‍ ഞാന്‍ അവസാനമാണ് മുകളില്‍ എത്തിയത്.വാച്ച് ടവറിന്റെ മുകളില്‍ വെച്ച് നമുക്ക് തിരുനെല്ലി ക്ഷേത്രവും വയലുകളും തിരുനെല്ലി ആശ്രമം സ്കൂളൂം റിസോര്‍ട്ടുകളുമെല്ലാം കാണാം.നല്ലൊരു ബൈനോക്കുലറിന്റെ ഉപയോഗം ഇവിടെയാണ് അനുഭവപ്പെടുന്നത്.അതിനുമപ്പുറം കനത്ത കാടാണ്.
വാച്ച് ടവറിന്റെയടുത്തെത്തുമ്പോള്‍ നമ്മള്‍ പകുതി ദൂരമെത്തുന്നു.
കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം തുടര്‍ന്നു നടത്തമായി.വന്നയത്രയും ദൂരം ഇനിയും യാത്ര ചെയ്യാനുണ്ട്.തുടര്‍ന്നുള്ള നടത്തത്തില്‍ കുത്തനെയുള്ള കയറ്റങ്ങള്‍ കുറവാണ്.മരങ്ങളില്ലാത്ത ഭാഗങ്ങളാണ് കൂടുതലും.അതിനാല്‍ സൂര്യന്‍ നേരെ തലമണ്ടക്ക് തന്നെ കിട്ടും.ഇടക്ക് മരങ്ങള്‍ തിങ്ങി വളരുന്ന കാടുകളുമുണ്ട്.ഈ കാടുകളില്‍ അരുവികളുണ്ട്.ഞങ്ങളുടെ കൈയിലുള്ള വെള്ളം തീര്‍ന്നിരുന്നു.അതിനാല്‍ അരുവികളില്‍ നിന്ന് വെള്ളം കുപ്പികളില്‍ നിറച്ചു.കാട്ടിലെ തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് തോന്നിയ ഒരാള്‍ കുളിക്കുകയും ചെയ്തു.

മലഞ്ചെരിവിലൂടെ ഒരു സാംബാര്‍ മാന്‍ ഓടിപ്പോകുന്നതു കണ്ടു.എന്റെ ഹാന്‍‌ഡികാമില്‍ നല്ലൊരു വീഡിയോ കിട്ടി.ഇങ്ങനെ കാടുകളില്‍ നിന്ന് കാടുകളിലേക്ക് നടക്കുമ്പോള്‍ ഫയര്‍ ലൈന്‍ ഇട്ടിരിക്കുന്ന സ്ഥലത്തെത്തി.അതാണത്രെ കര്‍‌ണ്ണാടക-കേരള അതിര്‍ത്തി.അതിര്‍ത്തിയില്‍ ഒരു രണ്ടു മീറ്റര്‍ വീതിയില്‍ ഫയര്‍ ലൈന്‍ ഇടുന്നു.കാട്ടിലൂടെ ഒരു റോഡ് വെട്ടിയ പോലുണ്ട്.ചുറ്റുപാടും മലനിരകളാണ്,ബ്രിട്ടീഷുകാരുടെ കാലത്ത് അവര്‍ ഇതിലെയെല്ലാം കുതിരസവാരി നടത്തിയിരുന്നത്രെ.അതിര്‍ത്തി കടന്ന് നമ്മള്‍ കര്‍ണ്ണാടക ഭാഗത്തെത്തുന്നു.തുടര്‍ന്ന് അവരുടെ ഭാഗത്തു കൂടിയാണ് യാത്ര.എങ്കിലും ഫയര്‍ ലൈനിന്റെ അടുത്തു കൂടി തന്നെയാണ് നമ്മള്‍ മിക്കവാറും പോകുന്നത്.കുറച്ചു കൂടി പോയപ്പോള്‍ ദൂരെയായി കൂറ്റന്‍ പാറക്കെട്ട് കാണാറായി.അതാണ് പക്ഷിപാതാളം.പിന്നീട് അത് ലക്ഷ്യമാക്കി ഞങ്ങള്‍ വേഗം നീങ്ങി.അടുത്തെത്തുമ്പോള്‍ കാണുന്നത് ഭീമാകാരമായ പാറകളാണ്.ചുറ്റും കനത്ത കാടുകളുണ്ട്.കൂറ്റന്‍ പാറക്കെട്ടുകള്‍‌ക്കിടയിലെ വിടവുകളാണ് ഗുഹകളായി കാണുന്നത്.ഈ ഗുഹകളിലാണ് മുനികള്‍ തപസ്സ് ചെയ്തിരുന്നത്.
ഈ പാറക്കെട്ടുകള്‍‌ക്കിടയിലൂടെ കടക്കുക കഠിനമായിരുന്നു.ചില സ്ഥലങ്ങളില്‍ ചാടിക്കടക്കണം.ചില സ്ഥലത്ത് നൂണ്ടു കടക്കുകയും ഇഴഞ്ഞു നീങ്ങേണ്ടി വരികയും ചെയ്യുന്നു.അത്തരമൊരു നൂണ്ടു കടത്തത്തിനിടയില്‍ സുഹൃത്തിന്റെ ക്യാമറക്ക് കാര്യമായ തകരാര്‍ പറ്റി.ഈ പാറക്കെട്ടുകള്‍ക്കിടയിലൂടെയെല്ലാം കടന്ന് നമ്മള്‍ മറ്റൊരു ഭാഗത്തു കൂടി പുറത്തെത്തുന്നു.ആവേശകരമായ ഒരനുഭവമാണ് ഇത്.പക്ഷെ,ഞങ്ങള്‍ക്ക് പക്ഷികളെയൊന്നും കാണാന്‍ പറ്റിയില്ല.സ്വിഫ്റ്റ് പക്ഷികളും വവ്വാലുകളും ഇവയുടെ കൂടുകളുമെല്ലാം ധാരാളമുണ്ടെന്ന് മുമ്പ് അവിടെ പോയ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു..

Thursday, April 7, 2011

ദൈവം

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സത്യസായി ബാബയേയും ബാബക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന ഭക്തന്‍‌മാരേയും പരിഹസിച്ചു കൊണ്ടുള്ള ഒരു പാട് പോസ്റ്റുകള്‍ കണ്ടു.ഭക്തന്‍‌മാരുടെ വിശ്വാസമനുസരിച്ച് ദൈവം സര്‍‌വവ്യാപിയാണ്.ഭഗവാനോട് ദേഹമുപേക്ഷിക്കരുത് എന്നാണ് ഭക്തന്‍‌മാര്‍ പ്രാര്‍ഥിക്കുന്നത്.
ആരും കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്ത ദൈവങ്ങളിലൊക്കെ വിശ്വസിക്കുന്നവര്‍ ,കണ്‍‌മുമ്പില്‍ കാണുന്ന ദൈവത്തില്‍ വിശ്വസിക്കുന്ന ഭക്തന്‍‌മാരെ പരിഹസിക്കുന്നത് മനസ്സിലാകുന്നില്ല.

Monday, April 4, 2011

വാനരഭോജനശാല


ഈയിടെ ശാസ്താം‌കോട്ട പോയപ്പോള്‍ കണ്ടതാണ് ഈ വാനരഭോജനശാല.
വാനരന്‍ വന്യജീവിയാണ്.വാനരന് ഭക്ഷണം നമ്മള്‍ കൊടുക്കുന്നത് ശരിയായ ഒരു പ്രവര്‍ത്തിയല്ല.അത് ഫലത്തില്‍ ദ്രോഹകരമാണ്.കാട്ടില്‍ നിന്നും ഭക്ഷണം കണ്ടെത്താനുള്ള കുരങ്ങിന്റെ കഴിവിനെ അത് സാരമായി ബാധിക്കുന്നു.അത് പട്ടിണിയിലേക്ക് നയിക്കുന്നു.കുരങ്ങുകള്‍ തട്ടിപ്പറിക്കാരാകുന്നത് ഇങ്ങനെയാണ്.